Thursday, February 4, 2010

പ്രണയമായ്...







സ്നേഹത്തിന്‍റെ വിശുദ്ധി എന്നെ പഠിപ്പിച്ച പ്രിയപ്പെട്ടവനേ, നിനക്കോര്‍മയുണ്ടോ നമ്മള്‍ ആദ്യം കണ്ടെതെന്നാണെന്ന്‍..ഈ ജീവിത യാത്രയില്‍ ഒരിക്കലും കൈ പിടിച്ച് നടക്കുമെന്ന്‍ മനസ്സ്‌ കൊണ്ട് പോലും പ്രതീക്ഷിക്കാതിരുന്ന ആ നിമിഷത്തില്‍ നമ്മളാദ്യം സംസാരിച്ചത്‌ എന്താണെന്ന് ഓര്‍മ്മയുണ്ടോ നിനക്ക്..


ആ സൗഹൃദം പിന്നീടെപ്പോഴോ പ്രണയമായ് വളര്‍ന്നതും ആ പ്രണയം എന്‍റെ ജീവിതമായതും.. വെറുമൊരു സൗഹൃദം മാത്രമായിട്ടും പിന്നീടെപ്പോഴോ നാം വീണ്ടും കണ്ടുമുട്ടി.. പക്ഷെ അപ്പോഴും നാം അറിഞ്ഞില്ല, ഇതൊരു ജീവിത യാത്രയാണെന്ന്..കണ്ണിമ വെക്കാതെ പിന്നെ എത്രെയോ രാത്രികളില്‍ നാം സംസാരിച്ചിരുന്നു..പറഞ്ഞിട്ടും പറഞ്ഞിട്ടും പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ എന്തായിരുന്നു നമുക്ക്‌.. അപ്പോഴും നാം ആഗ്രഹിച്ചത്‌ പരസ്പര സാമീപ്യമായിരുന്നില്ലേ..സ്നേഹത്തിന്‍റെ സുന്ദര നിമിഷങ്ങള്‍ നാം പങ്കിട്ടെടുക്കുകയായിരുന്നില്ലേ..എന്‍റെ ജീവിതം പങ്കു വെക്കുവാനായി വന്നവനെ നിനക്ക് സ്വാഗതം.. എന്‍റെ ജീവിതത്തിലേക്ക്‌ ..അല്ല,എന്‍റെ ഹൃദയത്തിന്‍റെ ഉള്ളറകളിലേക്ക്..അവിടം നമുക്ക്‌ നമ്മുടെതായ ലോകം വേണം.. പ്രണയത്തിന്‍റെ, സ്നേഹത്തിന്‍റെ, സൌഹൃദത്തിന്‍റെ ഒരു പൂങ്കാവനം നമുക്ക്‌ പണിയാം..


ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട് , ഞാന്‍ എന്തിന് നിന്നെ സ്നേഹിക്കുന്നു..എല്ലായ്പ്പോഴും സ്വയം ചോദ്യങ്ങള്‍ ചോദിച്ചതു കൊണ്ടാവാം ഈയൊരു ചോദ്യവും എന്നില്‍ ഉടലെടുത്തത്‌..എങ്കിലും ഇവിടം ഞാന്‍ പരാജയപ്പെട്ടു പോയി..എനിക്ക് വ്യക്തമായ ഉത്തരം പോലും നല്‍കാന്‍ കഴിയുന്നില്ല..അതല്ലെങ്കില്‍ കൃത്യതയാര്‍ന്ന ഒരു ഉത്തരം എനിക്ക് കിട്ടാതെ പോയി..പക്ഷെ പിന്നീടെപ്പെഴോ ഞാനറിഞ്ഞു സംശുദ്ധ പ്രണയത്തിന് കാരണം കണ്ടു പിടിക്കുക അസാധ്യം..നമ്മളും അങ്ങനെ തന്നെ ആയിരുന്നില്ലേ...

സ്നേഹത്തിന്, പ്രണയത്തിന്, സൌഹൃദത്തിന് കാരണം തേടി പോകുമ്പോ നാം ചെന്നെത്തുന്നത് ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത അഗാധ ഗര്‍ത്തങ്ങളിലാണ് ..ആ ഗര്‍ത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍, കാരണം എന്ന ഭ്രാന്തനെ പിടിച്ച് നിര്‍ത്താന്‍, ഒരു പിടിവള്ളി മുന്നില്‍ പ്രത്യക്ഷപ്പെടും..ആ പിടി വള്ളിയായിരിക്കും നാം തിരഞ്ഞു പോയ സൌഹൃദവും പ്രണയവും സ്നേഹവും.. തന്‍റെ ശരീരത്ത് നിന്ന് വീഴുന്ന കസ്തൂരി തേടിപ്പോകുന്ന കസ്തൂരി മാനിനെപ്പോലെ നല്ല ബന്ധങ്ങളുടെ കാരണം തേടിപ്പോകുന്ന മനുഷ്യനും തിരയുന്നത് നെഞ്ചിലേറ്റിയ സ്വന്തത്തെയാണ്..

ഇപ്പോള്‍ ഞാനറിയുന്നു എന്‍റെ പ്രണയം സത്യമെന്ന്‌..എന്‍റെ സ്നേഹം സംശുദ്ധമെന്ന്‍..ഒരു പക്ഷെ ഇതെന്‍റെ തോന്നലായിരിക്കാം..അതുമല്ലെങ്കില്‍ എന്‍റെ അഹങ്കാരമായിരിക്കാം..ഞാന്‍ ചെയ്യുന്നത് എന്തും എനിക്ക് വലുതായിരിക്കുമല്ലോ..മൂല്യ നിര്‍ണയം നടത്തേണ്ടത്‌ നീയാണ്..നീ മാത്രം.. കാരണം എന്‍റെ ജീവനാണ് നീ..നിനക്ക് എന്നെ മനസ്സിലാവണം..എന്‍റെ ദൌര്‍ബല്യങ്ങളറിയണം..അറിയാതെ പറയാതെ പോകുന്ന ശക്തിയെ തിരിച്ചറിയണം..നിനക്ക് മാത്രമേ അതിനു സ്വാതന്ത്ര്യമുള്ളു..നിനക്കാണെന്റെ ഹൃദയം നല്‍കിയത്‌.. നിനക്ക് മാത്രം!!!


മനുഷ്യന്‍റെ സൌന്ദര്യം തേടിയലഞ്ഞ കലാകാരന്മാരെ പറ്റി കേട്ടിട്ടുണ്ടോ നീ..അവസാനം അവര്‍ ചെന്നെത്തിയത് എവിടെയെന്നു അറിയുമോ നിനക്ക്..ആ മഹായാത്ര ചെന്നവസാനിച്ചത് സ്ത്രീയിലായിരുന്നു..പക്ഷെ ഈ മഹാത്ഭുതം തേടിയലഞ്ഞ കലാകാരന്മാരെല്ലാം പുരുഷന്മാരായിരുന്നു..പ്രിയപ്പെട്ടവന്റെ കാമിനിയായും, നല്ല പാതിയായ ഭര്‍ത്താവിന്റെ ഇഷ്ടഭാജനമായും, അമ്മിഞ്ഞപ്പാലിലൂടെ സ്നേഹത്തിന്റെ വിശാലത പഠിപ്പിക്കുന്ന അമ്മയായും നിറഞ്ഞാടുന്ന സ്ത്രീക്ക് തന്നെയല്ലേ ലോകത്തിന്റെ സൌന്ദര്യം ദൈവം കനിഞ്ഞനുകിയിരിക്കുന്നത് ..

നിന്‍റെ മനസ്സാണ് എന്‍റെ സൗന്ദര്യ ശാസ്ത്രം..ആ ശാസ്ത്ര ഗ്രന്ഥത്തിന്‍റെ താളുകളാണ്‌ ഞാന്‍ ഓരോ ദിവസവും മറിക്കുന്നത്..ആ മൂലകൃതിയില്‍ നിന്നാണ് ദയയുടെ കരുണയുടെ സ്നേഹത്തിന്‍റെ സാഫല്യത്തിന്റെ നിറകുടം ഞാന്‍ മനസ്സിലാക്കുന്നത്..

എനിക്ക് അസൂയ തോന്നുന്നു നിന്നോട്..എങ്കിലും ഞാന്‍ സംതൃപ്തയാണ്.. ആ മനസ്സ്‌ എന്റെതാണല്ലോ..എന്റേത് മാത്രം..നിന്‍റെ കാര്യത്തില്‍ ചിലപ്പോള്‍ ഞാന്‍ തന്നിഷ്ടം കാണിക്കുന്നുണ്ടായിരിക്കാം..പക്ഷെ അത് മനപ്പൂര്‍വമല്ല..നിന്നോടുള്ള ഇഷ്ടം ചിലപ്പോഴൊക്കെ എന്നെ സ്വപ്ന ലോകത്ത്‌ എത്തിക്കുന്നു..അവിടെ ഞാനും നീയും മാത്രം..പച്ചയായ പ്രണയത്തിന്‍റെ പ്രതീകവുമായി..വിരിഞ്ഞാടുന്ന റോസാപ്പൂക്കളും സുഗന്ധം പൊഴിക്കുന്ന മുല്ലപ്പൂക്കളും..അവിടെ റോസാപ്പൂവ് വിരിയുന്നത് പോലും മുള്ളുകള്‍ ഇല്ലാത്ത ചെടികളിലാണ്..അവിടെ പ്രതികാരത്തിന്റെയോ പകയുടെയോ മറ പോലുമില്ല..എല്ലാം പ്രണയാധിഷ്ടിതമായി, സ്നേഹത്തിലൂന്നിയ ഒരു പരിശുദ്ധ ജീവിതം..ആ ജീവിതം സ്വപ്നലോകത്ത് മാത്രമല്ല, നമ്മുടെ യതാര്‍ത്ഥ ജീവിതമായിരിക്കണം..

ഞാനാദ്യം നിന്നോട് സംസാരിച്ചത്‌ എന്നായിരുന്നുവെന്നു ഓര്‍മ്മയുണ്ടോ നിനക്ക്..കൂട്ടുകാര്‍ക്ക് ഇടയില്‍ നിന്ന് ഞാന്‍ നിന്നെ വിളിച്ചപ്പോള്‍,എന്‍റെ പ്രണയത്തിന്‍റെ പൂമൊട്ടു വിരിഞ്ഞിരുന്നുവോ .. അറിയില്ല, എങ്കിലും ഇന്ന് വീണ്ടുമാതോര്‍ക്കുമ്പോ ഹൃദയ കോണിലെവിടെയോ ഒരു കുളിര്‍മ അനുഭവപ്പെടുന്നു..അന്ന് എല്ലാം മൌനമായി സമ്മതിച്ചത്‌ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമായിരുന്നുവോ അതോ ഈയുള്ളവളോട് ഇത്തിരിയെങ്കിലും സ്നേഹം തോന്നിയിരുന്നുവോ..

അന്ന് വെറുതെ ഇഷ്ടമാണെന്ന് പറഞ്ഞതായിരുന്നുവെങ്കിലും മനസ്സിന്‍റെ ഏതോ ഒരു കോണില്‍ നീയുണ്ടായിരുന്നു..അന്ന് ഇത്രമാത്രം തിരിച്ചരിഞ്ഞിരുന്നില്ലെങ്കിലും..എന്‍റെ ജീവന്‍റെ ജീവനായി ഇന്ന് നീ അടുത്തുള്ളപ്പോള്‍ എനിക്ക് എത്ര സന്തോഷമാകുന്നുവെന്നോ..ഒരായിരം തവണ നിന്‍റെ ചുണ്ടുകളില്‍ ചുംബനം നല്‍കാന്‍ കൊതിച്ചിട്ടുണ്ട് ഞാന്‍..നിന്‍റെ സാമീപ്യം സമയത്തെ വെറുക്കുവാന്‍ പോലും പ്രേരിപ്പിക്കുന്നു..നീ അടുത്തുള്ളപ്പോള്‍ നാഴികകള്‍ വെറും നിമിഷങ്ങളായി മാറുന്നുവോ..നിനക്കായ്‌ കാത്തിരിക്കുമ്പോള്‍ നിമിഷങ്ങള്‍ യുഗാന്തരങ്ങളായി പ്രാപിക്കുന്നു.. പ്രിയനേ, പെട്ടെന്ന് വരിക, നമ്മുടെ സ്വപ്ന ഭൂമിയിലേക്ക്..അവിടെ നെയ്തെടുത്ത നമ്മുടെ സ്വപ്നങ്ങളെ താലോലിച്ച് ജീവിത കാലം മുഴുവന്‍ നമുക്ക്‌ കൊത്തിപെറുക്കാം...

ഞാനൊരുപാട് വാഗ്ദാനങ്ങളൊന്നും നല്‍കിയിട്ടില്ല..എങ്കിലും നിനക്കായി ഞാനെന്‍റെ ജീവിതം സമര്‍പ്പിക്കുന്നു..നീയൊരിക്കലും സങ്കടപ്പെടുത്തില്ലായെന്ന വിശ്വാസത്തോടെ..കാരണം നിന്‍റെ കൈകള്‍ സുരക്ഷിതമാണ്..ആ കൈകള്‍ എന്റേത് മാത്രമായിരിക്കട്ടെ..എന്റേത് മാത്രം.. ഞാനെത്ര സ്നേഹിക്കുന്നുവെന്നറിയുമോ നിനക്ക്..വാക്കുകള്‍‍ക്കതീതം..സ്നേഹത്തിന്‍റെ ലോകം മഹാ സമുദ്രത്തേക്കാള്‍ വിശാലമാണെന്നു ലോകം പലവുരു ഉരുവിട്ടപ്പോഴും ഞാന്‍ അറിഞ്ഞില്ല ആ സമുദ്രത്തിന്റെ ആഴവും പരപ്പും..പക്ഷെ ഞാനിപ്പോള്‍ തിരിച്ചറിയുന്നു പ്രണയം അനാധിയാണ്..തുടക്കവും ഒടുക്കവുമില്ലാത്ത സ്നേഹം നിറഞ്ഞ ഒരു മഹാ വ്യാളി.. ആ വ്യാളിയുടെ നീരാളിക്കൈകള്‍ മനസ്സ്‌ ചുട്ടിപ്പിടിക്കുമ്പോള്‍ അഗാധതയിലെവിടെയോ ഒരു നുള്ള് പ്രണയം കൊഞ്ചലോടെ എന്‍റെ നേരെ കൈ നീട്ടുന്നു.. ആ കിളിക്കൊന്ജ്ജലിന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഞാന്‍ അറിയുന്നു ആ മൊഴി മുത്തുകള്‍ എന്‍റെ പ്രിയപ്പെട്ടവന്റെതാണെന്ന് ‍ ...

എത്ര പെട്ടെന്നാണ് മനുഷ്യര്‍ അടുക്കുന്നതല്ലേ....രണ്ടു ധൃവങ്ങളിലായിരുന്ന നാം ഇന്നി ഇണ പിരിയാത്ത കൂട്ടുകാരായെങ്കില്‍ നമുക്ക്‌ ഈ ബന്ധം മരണം വരെ കൊണ്ട് പോകാനും കഴിയും...നാം അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടുപോയില്ലേ..പിരിയാനാവാത്ത വിധം നമ്മെ ബന്ധിപ്പിച്ച് നിറുത്തുന്ന ആ മഹത്തായ ശക്തിയെന്താണ്..

ഓരോ കടങ്കഥയും ജീവിതമാണ്.. സ്നേഹിച്ച് പോയ ജീവിതം..ഒരായിരം ആഗ്രഹങ്ങലുമായി തിരമാലകളുടെ സാന്ത്വന സ്പര്‍ശമായി, ഹൃദയ തന്ത്രികളിലെവിടെയോ അറിയാതെ ഉലഞ്ഞു പോയ നിത്യ സ്മാരക പ്രണയമായി ആ സ്വപ്‌നങ്ങള്‍ കരിഞ്ഞമരുമ്പോള്‍...

എന്‍റെ ഹൃദയസരസിലെക്ക് കയറി വന്ന പ്രിയപ്പെട്ടവനേ, ഈ സ്നേഹം എന്നന്നെക്കുമുള്ളതാണ്.. എനിക്ക് നിന്‍റെ സാമീപ്യം സ്വര്‍ഗസ്ഥമാണ്..നിന്‍റെ ആശയങ്ങളും സ്വപ്നങ്ങളും വേണമെനിക്ക്..നിന്‍റെ തുറന്ന വ്യക്തിത്വവും...ആ വ്യക്തിത്വം ഒരു പ്രതിഭാസമാണ്.. നീ പോലുമറിയാത്ത മഹാ പ്രതിഭാസം..
ചിത്രങ്ങള്‍: ഗൂഗിള്‍